കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ചർച്ച.
ഗൾഫ് മേഖലയിലെ ഭക്ഷ്യ സുരക്ഷയും ഇന്ത്യൻ ഉത്പന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ യൂസഫലി പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ആഗോളതലത്തിൽ ചരക്ക് ഗതാഗതം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം തടയാനും ഉൽപ്പന്നങ്ങളുടെ സുഗമമായ ഒഴുക്ക് നിലനിർത്താനും ലുലു ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതിസന്ധി തുടങ്ങിയ ശേഷം ഇതുവരെ 15,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു കയറ്റി അയച്ചു.
34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ചാർട്ടേഡ് വിമാനങ്ങളും ചരക്കു കപ്പലുകളും വഴി വിതരണം തുടരും.
ജിസിസി രാജ്യങ്ങളിലുടനീളമുള്ള 280-ലധികം ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തും. ഇന്ത്യൻ കർഷകർക്കും ഭക്ഷ്യസംസ്കരണ മേഖലയ്ക്കും ഈ നീക്കം വലിയ സഹായമാകുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ സംഭരണ-കയറ്റുമതി കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും യൂസഫലി അറിയിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങൾ ഗൾഫിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയറ്റുമതി സുഗമമാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി.